Thursday, September 22, 2011

Thursday, April 28, 2011

ലോകത്ത് ആദ്യമായി ചായ കുടിച്ച മനുഷ്യന്‍

ലോകത്ത് ആദ്യമായി ചായ കുടിച്ച മനുഷ്യനെപ്പറ്റി ഒന്നോര്‍ത്തു നോക്കൂ. ഒരു ചെടിയുടെ ഇലകള്‍ പറിച്ച് ഉണക്കി, പൊടിച്ച് ,തിളച്ച വെള്ളത്തിലിട്ടാല്‍ കുടിക്കാന്‍ പറ്റുന്ന ഒന്നാന്തരം ചായയുണ്ടാക്കാം എന്ന് ആ മനുഷ്യന്‍ എങ്ങനെയാവും അറിഞ്ഞത്. അതു പോകട്ടെ, ഒരു ചെടിയുടെ കതിര്‍ പറിച്ചെടുത്ത് അതിന്‍െറ തൊലിയിളക്കി മാറ്റി അതില്‍നിന്നു കിട്ടുന്ന മണിയെടുത്ത് വെള്ളത്തിലിട്ടു തിളപ്പിച്ചാല്‍ ചോറ് കിട്ടുമെന്നു
ആദ്യമായി മനസ്സിലാക്കിയത് ആരാവും?

കടുപ്പത്തിലൊരു ചായ (വിത്തൌട്ട്)

ചായ കുടിച്ച് തുടങ്ങാം. അല്‍പ്പം കടുപ്പത്തില്‍തന്നെയായിക്കോട്ടെ. ഏഴു വര്‍ഷം ഉറങ്ങാതിരുന്ന് തപസ്സ് ചെയ്യുക എന്നത് അല്‍പ്പം കടുപ്പമുള്ളത് തന്നെയാണ്. അങ്ങനെയൊരു സന്യാസിയുണ്ടായിരുന്നു. ഉറങ്ങാതിരുന്ന് പ്രാര്‍ഥിച്ച് പ്രാര്‍ഥിച്ച് അഞ്ചുവര്‍ഷം കടന്നുപോയി. അങ്ങനെയിരിക്കെ ഒരു ദിവസം എത്ര ശ്രമിച്ചിട്ടും ഉറക്കം വിട്ടുപോകുന്നില്ല. തപസ്സിരുന്ന സ്ഥലത്തിനടുത്തുള്ള ഒരു ചെടിയുടെ ഇല പറിച്ച് വെറുതെ ചവച്ചുകൊണ്ടിരുന്നു. ഉറക്കം പോയി എന്നു മാത്രമല്ല, പിന്നീട് രണ്ടു വര്‍ഷത്തേയ്ക്ക് ഈ ഇലകളാണ് സന്യാസിക്ക് ഉന്മേഷം പകര്‍ന്നുകൊടുത്തു കൊണ്ടിരുന്നത്. സന്യാസി പറിച്ചുതിന്നുന്നതിനനുസരിച്ച് ഇലകള്‍ മുളച്ചുവന്നുകൊണ്ടിരുന്നു. ആ ചെടിയാണത്ര തേയില. 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൈനയിലെ ഒരു ചക്രവര്‍ത്തിയാണ് അല്‍പ്പം കൂടി ലൈറ്റ് ചായ കുടിച്ചത്. ഷെന്‍ നൂങ് എന്നാണ് ആ ചക്രവര്‍ത്തിയുടെ പേര്. ചക്രവര്‍ത്തിക്കു കുളിക്കാന്‍ വെള്ളം പൂടാക്കുകയായിരുന്നു പാചകക്കാരന്‍. ഉണങ്ങിയ ഇലകളും കമ്പുകളുമാണ് തി കത്തിക്കാന്‍ ഉപയോഗിച്ചിരുന്നത്. ഇടയ്ക്ക് അബദ്ധത്തില്‍ കുറെ ഇലകള്‍ ചൂടാക്കികൊണ്ടിരുന്ന വെള്ളത്തില്‍ വീണു. കുളിച്ചുകൊണ്ടിരുന്നപ്പോള്‍ വെള്ളത്തിന്റെ സുഗന്ധം ചക്രവര്‍ത്തിക്കു ഇഷ്ടമായി. അല്‍പ്പം രുചിച്ച് നോക്കി . ഒന്നാന്തരം ലൈറ്റ് കട്ടന്‍ ചായ. ഷെന്‍ നൂങ് ചക്രവര്‍ത്തി ആദ്യമായി ചായ കുടിച്ച ആള്‍ മാത്രമല്ല, ആദ്യമായി ചായയില്‍ കുളിച്ച ആള്‍കൂടിയാകുന്നു. ബി.സി. രണ്ടായിരത്തോടെ ചൈനയില്‍ തേയില കൃഷി പ്രചാരം നേടിത്തുടങ്ങി. തേയില ഇല പറിച്ച് ഉറക്കത്തെ നേരിട്ട സന്യാസി ഇന്ത്യാക്കാരനാണെങ്കിലും ഇന്ത്യയില്‍ തേയില കൃഷി പ്രചാരം നേടാന്‍ അനേക നൂറ്റാണ്ടുകള്‍ വേണ്ടിവന്നു. 19ാം നൂറ്റാണ്ടില്‍ ബ്രട്ടീഷുകാരാണ് കേരളം അടക്കം ഇന്ത്യയുടെ പല ഭാഗത്തും തേയില കൃഷി വ്യാപകമായി ചെയ്തുതുടങ്ങിയത് ചൂട് കട്ടന്‍ കാപ്പി രണ്ട് മധ്യ എത്യോപ്യ വരെ പോകാം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ഒരു കാപ്പി കഥ. ഒരു ആശ്രമത്തിലെ ആട്ടിടയനായിരുന്നു കാല്‍ഡി എന്ന ബാലന്‍. ഒരിക്കല്‍ കാല്‍ഡി ആടുകളെ മേയ്ക്കാനായി കാട്ടിലേയ്ക്കു കൊണ്ടുപോയി. അവിടെ ഒരു ചെടിയില്‍ നിന്നു ചുവന്ന നിറമുള്ള കായ്കള്‍ തിന്നതോടെ പതിവില്‍ കവിഞ്ഞ ഉല്‍സാഹം ആടുകളില്‍ വന്നതായി കാല്‍ഡി തിരിച്ചറിഞ്ഞു. കുറെ കായ്കള്‍ കാല്‍ഡിയും തിന്നുനോക്കി. താന്‍ കണ്ടെത്തിയ അപൂര്‍വ കായ് ആശ്രമത്തിലെ സന്യാസിമാരെ കാണിക്കാനായി കാല്‍ഡി പറിച്ചുകൊണ്ടുപോയി. പക്ഷേ, ആശ്രാമാധിപന്‍ ആ കായ തിന്നതിനു കാല്‍ഡിയെ വഴക്കു പറയുകയാണു ചെയ്തത്. അത് സാത്താന്റെ പഴമാണെന്നായിരുന്നു സന്യാസിയുടെ കണ്ടെത്തല്‍. കാല്‍ഡി കൊണ്ടുവന്ന കായ്കളൊക്കെയും സന്യാസി എടുത്തു തീയിലിട്ടു.അധികം വൈകാതെ അവിടെയാകെ കാപ്പിയുടെ സുഗന്ധം വ്യാപിച്ചു. ആശ്രമത്തിലെ മറ്റു സന്യാസിമാര്‍ വറുത്ത കായ എടുത്തു തിന്നു നോക്കി. ഏവര്‍ക്കും കാപ്പിയുടെ മഹത്വം അതോടെ ബോധ്യപ്പെട്ടു. ഷേക്ക് ഒമര്‍ എന്നൊരു അറബിയാണ് കാപ്പി കണ്ടുപിടിച്ചതെന്നാണ് ചൂടാറാത്ത മറ്റൊരു കാപ്പിക്കഥ. ഒരിക്കല്‍ ഒമറിനെയും അനുയായികളെയും അറേബ്യയിലെ ന്യായാധിപന്‍ ശിക്ഷിച്ചു. മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞു ഭക്ഷണം കിട്ടാതെ മരിക്കുക എന്നതായിരുന്നു ശിക്ഷ. മരുഭൂമിയില്‍ വച്ച് ഒമറിന്റെ കൂട്ടാളികള്‍ അവിടെയുണ്ടായിരുന്ന ഒരു ചെടിയുടെ കായ് ഭക്ഷണമാക്കി വര്‍ഷങ്ങളോളം കഴിച്ചുകൂട്ടി.മരണം തേടിയെത്തിയില്ലെന്നു മാത്രമല്ല ദൈവത്തിന്റെ ഇടപെടലായി കണ്ട് ന്യായാധിപന്‍ അവരെ പിന്നീട് വെറുതെ വിട്ടു. അറേബ്യയില്‍ നിന്നുതന്നെയാണ് കാപ്പി ഇന്ത്യയിലുമെത്തുന്നത്. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാണെന്നു മാത്രം. എ.ഡി. 1617 കാലത്ത് ഇന്ത്യയില്‍ എത്തിയ ബാബ ബുദനാണ് കാപ്പി ഇന്ത്യയില്‍ കൊണ്ടുവന്നത്, ചരിത്രം പറയുന്നു.

അലക്സാണ്ടര്‍ പ്രണയിച്ച വാഴ

വാഴപ്പഴത്തെ ഈ നിലയിലാക്കിയതിനു നന്ദി പറയേണ്ടത് അലക്സാണ്ടര്‍ ചക്രവര്‍ത്തിയോടാണ്.ലോകം കീഴടക്കി മുന്നേറിയ അലക്സാണ്ടര്‍ സിന്ധു നദീതടങ്ങളില്‍ വളര്‍ന്നുനിന്നിരുന്ന വാഴയെ കണ്ട് പ്രണയിച്ചു. മതിവരുവോളം വാഴപ്പഴം കഴിച്ചു. ഇന്ത്യ കീഴടക്കാനെത്തിയ അലക്സാണ്ടറിനെ വാഴപ്പഴം കീഴടക്കി. വാഴക്കൃഷി വ്യാപകമാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം കൊടുത്തു. ഇങ്ങനെ യുദ്ധം ചെയ്ത് നടക്കുന്നതിലും ഭേദം പത്തു വാഴ വയ്ക്കുന്നതാവും എന്നദ്ദേഹത്തിനു തോന്നിയിട്ടുണ്ടാകും. ബി.സി. 327ലാണത്. അലക്സാണ്ടര്‍ വാഴയെ പ്രണയിച്ച കഥ എ.ഡി.ഒന്നാംനൂറ്റാണ്ടില്‍ ?ിനി എഴുതിയിട്ടുണ്ട്. ബുദ്ധിമാന്മാരുടെ പഴം എന്നാണ് ?ിനി വാഴയ്ക്ക് കൊടുത്ത വിശേഷണം. മനുഷ്യന്‍ ആദ്യമായി കൃഷി ചെയ്തു തുടങ്ങിയ വിളകളിലൊന്നാണ് വാഴ. അസം, ബര്‍മ്മ, താഴ്ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ പര്‍വത പ്രദേശങ്ങളിലാണ് വാഴയുടെ ജനനം എന്ന് അവകാശവാദങ്ങളുണ്ട്.

പുഴുങ്ങിയ കപ്പയും മുളക് ചാലിച്ചതും

കപ്പയുമായി മലയാളിക്ക് വല്ലാത്തൊരു ബന്ധമുണ്ട്. വിശന്നു പൊരിഞ്ഞ മലയാളിയെ പലപ്പോഴും വറുതി അറിയിക്കാതെ തീറ്റീപ്പോറ്റിയത് കപ്പയാണ്. പക്ഷേ കപ്പയും വരുത്തനാണ്. കപ്പലില്‍ വന്നത് എന്നതിന്റെ ചുരുക്കപ്പേരാണ് കപ്പ. പോര്‍ച്ചുഗീസുകാര്‍ കൊണ്ടുവന്ന ഈ അപൂര്‍വ കിഴങ്ങ് അല്‍പ്പം മുളകും കീട്ടി കഴിച്ചപ്പോള്‍ വിശാഖം തിരുനാള്‍ മഹാരാജാവിനു കപ്പയുടെ മഹത്വം മനസ്സിലായിക്കാണും. അതുകൊണ്ടാണെല്ലോ മഹാരാജാവ് മലയില്‍നിന്നു കപ്പ കൊണ്ടുവരാന്‍ തീരുമാനമെടുത്തത്. മരച്ചീനീ ആദ്യമായി കൃഷി ചെയ്ത സ്ഥലം മരച്ചീനീവിള എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. ഈ സ്ഥലമാണ് ഇപ്പാള്‍ തിരുവനന്തപുരത്തെ ജവഹര്‍നഗര്‍.

ബ്രഹ്മാവ് സൃഷ്ടിക്കാത്തത്..... അല്‍പ്പം പുരാണം.

ബ്രഹ്മാവ് സൃഷ്ടിക്കാത്തതായി എന്തെങ്കിലുമുണ്ടോ? ഉണ്ട് . കശുമാങ്ങാ പഴം. ഒരിക്കല്‍ സൃഷ്ടിയുടെ രഹസ്യം ബ്രഹ്മാവ് കുറെ പേര്‍ക്കു പറഞ്ഞു കൊടുത്തു. അവര്‍ പുതിയൊരു പഴം സൃഷ്ടിച്ചു. തന്റെതല്ലാത്ത സൃഷ്ടി ബ്രഹ്മാവ് പരിശോധിധിച്ചു നോക്കി. മധുരമുള്ള അഴകുള്ള പഴം. ഒരു കുഴപ്പം മാത്രം .കുരുവില്ല. ബ്രഹ്മാവ് തന്നെ പോംവഴി കണ്ടെത്തി. പഴത്തിന്‍െറ പുറത്തായി കുരുവിനു സ്ഥലം കൊടുത്തു. അങ്ഹനെയാണത്ര കശുമാങ്ങായും കശുമാവും ഉണ്ടായത്. കഥ കേള്‍ക്കുമ്പാള്‍ കശുമാവിന്‍െറ ജന്മസ്ഥലം ഇന്ത്യയാണെന്നു തോന്നുമെങ്കിലും അത് ശരിയല്ല.ബ്രസീലിലാണ് കശുമാവിന്‍െറ ജനനം. ബ്രസീലില്‍ നിന്നു പോര്‍ചുഗീസുകാര്‍ കശുമാവിനെ പുറംലോകത്തെത്തിച്ചു.അവര്‍ തന്നെയാണ് അതിനെ ഇന്ത്യയിലെത്തിച്ചത്. പറങ്കിമാവ് എന്നു മലയാളികള്‍ ഇതിനെ വിളിക്കുന്നു എന്നതില്‍നിന്നുതന്നെ കശുമാവിനെ കേരളത്തിലെത്തിച്ചത് ആരാണെന്നു വ്യക്തം. പോര്‍ചുഗീസുകാരെയാണെല്ലോ നമ്മള്‍ പറങ്കികള്‍ എന്നു വിളിച്ചിരുന്നത്.

ആമസോണിലെ കാട്ടുമരം

റബര്‍ പോലെ വലിച്ചുനീട്ടാതെ മറ്റൊരു കഥ പറയാം. തെക്കെ അമേരിക്കയിലെ ബ്രസീലില്‍ ആമസോണ്‍ കാടുകളില്‍ ആരോരുമറിയാതെ വളര്‍ന്നിരുന്ന ഒരു മരം . ആ മരത്തില്‍നിന്നുള്ള കറ ഉപയോഗിച്ച് ആദിവാസികള്‍ രൂപങ്ങളുണ്ടാക്കി, ആയുധങ്ങള്‍ക്ക് പിടികളുണ്ടാക്കി.,പന്തുകളുണ്ടാക്കി. അങ്ങനെയങ്ങനെ നൂറ്റാണ്ടുകള്‍ കടന്നുപോയി. ഒടുവില്‍ ഈ കാട്ടുമരത്തിന്‍െറ ഗുണങ്ങള്‍ കണ്ടത്തി അതിനു റബര്‍ എന്നു പേരിട്ടത് പ്രീസ്റ്റിലി എന്ന ശാസ്ത്രഞ്ജനാണ്. ദലഡ് പെന്‍സില്‍കൊണ്ടുവരയ്ക്കുന്ന അടയാളങ്ങള്‍ റബ് ചെയ്തു നീക്കാനുള്ള കഴിവ് മനസ്സിലാക്കിയാണ് അദേഹം റബറിന് ആ പേരിട്ടത്.1776ലാണത്.പിന്നെയും നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞു , റബറിനെ ലോകമറിഞ്ഞു തുടങ്ങാന്‍.സിലോണില്‍നിന്നാണ് ഇന്ത്യയില്‍ റബര്‍ എത്തുന്നത്. കേരളത്തില്‍ 1878 ല്‍ ആദ്യമായി റബര്‍ എത്തി.ഫെര്‍ഗുസണ്‍ എന്നൊരു സായിപ്പ് നിലമ്പൂരിലെ തേക്ക് തോട്ടത്തില്‍ റബര്‍ തൈകള്‍ നട്ടു. ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി റബര്‍ കൃഷി ആരംഭിച്ചത് കേരളത്തിലാണ്, ആലുവയ്ക്കു അടുത്തു തട്ടേക്കാട്ട് 1902ല്‍.

കണ്ണില്ലാത്ത സുന്ദരി

ചോറില്ലാത്ത ഊണ് ഒരു കണ്ണില്ലാത്ത സുന്ദരിയെപ്പോലാണെന്നാണ് ചൈനീസ് പഴമൊഴി. ചൈനക്കാര്‍ക്കു മാത്രമല്ല, ചോറുണ്ണാതെ ഒരു ദിവസം തള്ളിനീക്കാന്‍ നമുക്കും ബുദ്ധിമുട്ടാണ്. ജന്മംകൊണ്ട് നാടനാണെങ്കിലും നെല്ലിനെപ്പറ്റിയും കഥകളേറെയുണ്ട്. നെല്ലിെനെ ദൈവം തന്ന സമ്മാനമായിട്ടാണ് ഇന്ത്യക്കാര്‍ കാണുന്നതെങ്കില്‍ മൃഗങ്ങള്‍ കൊണ്ടുവന്ന സമ്മാനമായിട്ടാണ് ചൈനക്കാര്‍ കാണുന്നത്. ഭഗവാന്‍ വിഷ്ണു സമ്മാനിച്ചതാണ് നെല്ലെന്നും അതു എങ്ങനെ നട്ടു വളര്‍ത്തണമെന്നു പഠിപ്പിച്ചത് ദേവേന്ദ്രനാണെന്നും രണ്ു തരം കഥകളുണ്ട്. എന്നാല്‍ ചൈനീസ് കഥയാണ് അല്‍പ്പം കൂടി രസകരം. നൂറ്റാണ്ടുകള്‍ക്കു മുമ്പു ചൈനയില്‍ ഒരു വലിയ വെള്ളപ്പൊക്കമുണ്ടായി. കൃഷി ഭൂമികളും വീടുമെല്ലാം വെള്ളത്തിനടിയിലായി. ജനങ്ങളെല്ലാം വലിയ ഒരു മലയുടെ മുകളില്‍ അഭയം പ്രാപിച്ചു. ചത്തൊടുങ്ങാത്ത മൃഗങ്ങളെ വേട്ടയാടിയാണ് അവര്‍ കഴിച്ചു കൂട്ടിയത്. കൊടിയ പട്ടിണിയില്‍ ജനങ്ങള്‍ വലഞ്ഞു.ഒരു ദിവസം എവിടെ നിന്നോ ഒരു പട്ടി അവിടെയെത്തി. കുറെ നെല്‍ക്കതിരും കടിച്ചു പിടിച്ചാണ് പട്ടി അവിടെ എത്തിയത്. എന്താണെന്നു അറിയില്ലെങ്കിലും അവര്‍ ആ നെല്‍മണികള്‍ വിതച്ചു. അതു വിളവെടുത്തതോടെയാണ് പട്ടിണി അവസാനിച്ചതെന്നാണ് കഥ. കഥയെന്തായാലും ചൈനാക്കാരുടെ പാരമ്പര്യമനുസരിച്ച് രത്നങ്ങളെക്കാളും മുത്തുകളെക്കാളും വിലപിടിപ്പുള്ളതായി അവര്‍ കാണുന്നത് അഞ്ചു നാണ്യമണികളെയാണ്. അവയില്‍ ആദ്യത്തെതാണ് നെല്ല്.ചരിത്രകാരന്മാരില്‍ ഏറെപ്പേരും 3000 ബി.സി യോടടുത്ത് ഇന്ത്യയിലാണ് നെല്ല് ആദ്യമായി കണ്ടത്തിയതെന്നു വിശ്വസിക്കുന്നവരാണ്. ചൈനയില്‍ 6500 വര്‍ഷങ്ങള്‍ക്കു മുന്‍പേ നെല്‍കൃഷി ചെയ്തിരുന്നുവെന്നു വിശ്വസിക്കുന്നവരുമുണ്ട്.

കാമ്പുള്ള തേങ്ങാക്കഥകള്

‍തെങ്ങിനു പലവഴിക്കും ഉപയോഗമെന്നു പറഞ്ഞതുപോലെ തന്നെയാണ് തെങ്ങിന്റെ ഉല്‍ഭവത്തെക്കുറിച്ചുള്ള കഥകളും. പല പല കഥകള്‍. ഇന്ത്യയിലാണ് തെങ്ങിന്റെ ഉല്‍ഭവമെന്നു ചിരട്ടയോളം ഉറപ്പുള്ള വിശ്വാസം. വേദകാലത്തിനു ശേഷമാണത്രേ നമ്മുടെ നാട്ടില്‍ തെങ്ങു കൃഷി തുടങ്ങിയത്. പരശുരാമന്‍ മഴുവെറിഞ്ഞു കേരളം ഉണ്ടാക്കിയതിനുശേഷം സ്വര്‍ഗത്തില്‍ നിന്നു കൊണ്ടുവന്നതാണ് തെങ്ങെന്നും അതല്ല പ്രബലനായൊരു രാജാവ് പൂജയ്ക്കു വേണ്ടി നാഗലോകത്തു നിന്നു കൊണ്ടുവന്നതാണെന്നും കഥാഭേദങ്ങളുണ്ട്. കഥ കേട്ടു തളര്‍ന്നെങ്കില്‍ ഒരു ഇളനീര്‍ കുടിച്ച് അടുത്ത കഥയിലേക്കു കടക്കാം. എരിവുള്ള സ്വര്‍ണ്ണം. കുറച്ച് എരിവുള്ള ഒരു കാര്യം പറയട്ടെ. കുരുമുളക് ഇന്ത്യയുടെ സന്തതിയല്ല. തെക്കന്‍ അമേരിക്കയില്‍ നിന്നു കടല്‍ കടന്ന് എത്തിയതാണ് നമ്മുടെ കറുത്ത സ്വര്‍ണ്ണം. ഇപ്പോള്‍ അതു വീണ്ടും കടല്‍കടന്നു പോകുന്നു എന്നയുള്ളൂ. അമേരിക്ക കണ്ടെത്തിയ അതേ കൊളംബസ് തന്നെയാണ് കുരുമുളകും കണ്ടെത്തി പുറം ലോകത്തെത്തിച്ചത്.പിന്നീട് അതു നമ്മുടെ കുത്തകയായെന്നു മാത്രം.നീറ്റലുണ്ടാക്കുന്ന ഒരു കാര്യം കൂടി തായ്ലന്‍ഡുകാരാണ് ശരിക്കും കുരുമുളകു തീനികള്‍. ഒരു ദിവസം ഒരു തായ്ലന്‍ഡുകാരന്‍ചുരുങ്ങിയത് അഞ്ചു ഗ്രാം കുരുമുളകെങ്കിലും അകത്താക്കുന്നണ്ടെന്നാണ് കണക്ക്.

Monday, March 05, 2007

Sunday, March 04, 2007

my first book


this is my first book. published by dc books.